menu

ലാസ്റ്റ് ബസിൽ മലപ്പുറം; 2 ഗോളിനു പിന്നിൽനിന്നശേഷം 4 ഗോളുകൾ തിരിച്ചടിച്ച് മലപ്പുറം എഫ്സിയുടെ ജയം

Activate your premium subscription today കെ.എൻ.സജേഷ് Published: December 05, 2025 03:41 AM IST 1 minute Read Link Copied മഞ്ചേരി ∙ പ്രതീക്ഷയുടെ ലാസ്റ്റ് ബസ് മിസ്സാക്കാതെ, സെമി ടിക്കറ്റെടുത്ത് മലപ്പുറം എഫ്സി . ഹാട്രിക് നേടിയ ബ്രസീലിയൻ സ്ട്രൈക്കർ ജോൺ കെന്നഡിയുടെ മികവിൽ ഫോഴ്സ കൊച്ചിയെ ആണ് മലപ്പുറം തോൽപിച്ചത് (2–4). ഇന്നലത്തെ മത്സരത്തോടെ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സെമി ചിത്രം തെളിഞ്ഞു. കാലിക്കറ്റ് എഫ്സി (23 പോയിന്റ്), തൃശൂർ മാജിക് എഫ്സി (17), മലപ്പുറം എഫ്സി (14) കണ്ണൂർ വോറിയേഴ്സ് എഫ്സി (13) എന്നീ ടീമുകളാണ് സെമിയിലെത്തിയത്. 7ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. 10ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിയെ കണ്ണൂർ വോറിയേഴ്സ് നേരിടും. സെമിയിലെത്താൻ ഒരു സമനില മാത്രമേ മലപ്പുറത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ ആദ്യ പകുതിയിൽ തന്നെ രണ്ടുഗോളുകളുടെ ഞെട്ടിക്കൽ ബിരിയാണി വിളമ്പുകയായിരുന്നു ഫോഴ്സ കൊച്ചി. കെ.ബി. അബിത്ത് (9), അലക്സാണ്ടർ റൊമാരിയോ ജെസുരാജ് (26) എന്നിവരായിരുന്നു കൊച്ചിയുടെ സ്കോറർമാർ. ഹോംഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയുടെ ആരാധകർ നിരാശരായി നിൽക്കെ, കെന്നഡി അവതരിച്ചു. 33, 45+5 മിനിറ്റുകളിൽ ഗോൾനേടി കെന്നഡി മലപ്പുറത്തിനായി സമനില പിടിച്ചു. 49–ാം മിനിറ്റിൽ അദ്ദേഹം ഹാട്രിക് തികച്ചു. 88–ാം മിനിറ്റിൽ മലപ്പുറത്തിനായി ഇഷാൻ പണ്ഡിത നാലാം ഗോൾ നേടി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഫോഴ്സ കൊച്ചി ആ‍ഞ്ഞുശ്രമിച്ചെങ്കിലും മലപ്പുറത്തിന് വിജയഗീതം പോലെ ഫൈനൽ വിസിൽ മുഴങ്ങി. എസ്എൽകെ ഫുട്ബോൾ സെമിഫൈനൽ: ഡിസംബർ 7 രാത്രി 7.30: തൃശൂർ – മലപ്പുറം (വേദി: തൃശൂർ) ഡിസംബർ 10 രാത്രി 7.30: കാലിക്കറ്റ് – കണ്ണൂർ (വേദി: കോഴിക്കോട്)

തിരുവനന്തപുരത്തെ വീഴ്ത്തി കാലിക്കറ്റ്; കൊമ്പൻസിന് കുരുക്ക്

Activate your premium subscription today അനീഷ് നായർ Published: December 04, 2025 03:56 AM IST 1 minute Read Link Copied തിരുവനന്തപുരം∙ വിജയവും സെമി ഫൈനൽ ടിക്കറ്റും ഉറപ്പിച്ചു നിന്ന തിരുവനന്തപുരം കൊമ്പൻസ് എഫ്സി യെ എക്സ്ട്രാ ടൈമിലെ ഇരട്ട ഗോളിലൂടെ തകർത്ത് നിലവിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി (2–1). 16–ാം മിനിറ്റിൽ ബ്രസീലിയൻ താരം പൗലോ വിക്ടർ ലിമ സിൽവ നേടിയ ഗോളിലൂടെ അവസാനം വരെ പിടിച്ചു നിന്ന കൊമ്പൻസിനെ സെബാസ്റ്റ്യൻ‌ റിങ്കൻസും മുഹമ്മദ് അജ്സലും ചേർന്നാണ് എക്സ്ട്രാ ടൈം ഗോളുകളിലൂടെ തകർത്തത്. 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ള കൊമ്പൻസിന്റെ സെമി പ്രവേശം ഇന്ന് നടക്കുന്ന മലപ്പുറം എഫ്സി–ഫോഴ്സ കൊച്ചി മത്സരത്തെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരത്തിന്റെ തോൽവിയോടെ കണ്ണൂർ സെമിയുറപ്പിച്ചു. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കൊമ്പൻസിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും പൗലോ വിക്ടർ സ്കോർ ചെയ്യുകയായിരുന്നു. തുടർന്ന് ഗോൾ വഴങ്ങാതെയും പ്രത്യാക്രമണത്തിലൂടെയും കൊമ്പൻസ് വിജയത്തിന്റെ പടിവാതിൽക്കൽ എത്തി. എക്സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഫൗൾ രൂപത്തിൽ പക്ഷേ, നിർഭാഗ്യമെത്തി. സെബാസ്റ്റ്യൻ റിങ്കനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റി അദ്ദേഹം തന്നെ ഗോളാക്കി. അതോടെ പതറിയ കൊമ്പൻസിനെ അവസാന മിനിറ്റിൽ കാലിക്കറ്റ് അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സെബാസ്റ്റ്യൻ റിങ്കന്റെ ഫ്രീകിക്ക് മുഹമ്മദ് അജ്സൽ ഹെഡറിലൂടെ വലയിലെത്തിച്ചു. പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്ന കൊമ്പൻസ് ആരാധകർ നിരാശയുടെ പടുകുഴിയിലായി. മലപ്പുറത്തിന് പ്രതീക്ഷ മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ന് ഫോഴ്‌സ കൊച്ചിക്കെതിരെ തോൽക്കാതിരുന്നാൽ മലപ്പുറം എഫ്സി സെമിയിലെത്തും. നിലവിൽ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മലപ്പുറം എഫ്സി. 12 പോയിന്റുമായി തിരുവനന്തപുരം നാലാമതും. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനക്കാരായി മലപ്പുറം സെമിയിലെത്തും. സമനിലയെങ്കിൽ ഇരു ടീമുകളും പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം. എങ്കിലും ഗോൾ വ്യത്യാസത്തിലെ മേൽക്കൈയിൽ മലപ്പുറം സെമിയിലെത്തും.

തൃശൂർ മാജിക് എഫ്‌സിക്കെതിരെ ത്രസിപ്പിക്കുന്ന ജയം; സെമിയിലേക്ക് കണ്ണുനട്ട് കണ്ണൂർ വാരിയേഴ്‌സ്

Activate your premium subscription today എസ്.പി. ശരത് Published: December 03, 2025 04:12 AM IST 1 minute Read Link Copied ജയത്തോടെ കണ്ണൂർ മൂന്നാമത്; സെമി പ്രതീക്ഷ സജീവം തൃശൂർ∙ തോറ്റാലും ‘നഷ്ടമൊന്നുമില്ലാത്ത’ തൃശൂർ മാജിക് എഫ്‌സിയെ തോൽപിച്ച് കണ്ണൂർ വാരിയേഴ്‌സ് സെമി പ്രതീക്ഷ നഷ്‌ടപ്പെടാതെ കാത്തു (2–0). തോറ്റാൽ സെമി സാധ്യത അവസാനിക്കുമായിരുന്ന മത്സരത്തിൽ, 42-ാം മിനിറ്റിൽ അസിയർ ഗോമസും 98-ാം മിനിറ്റിൽ വൈ.എബിൻദാസും നേടിയ ഗോളുകളിലാണു കണ്ണൂരിന്റെ വിജയം. നേരത്തേ തന്നെ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സെമിഫൈനൽ ബർത്ത് നേടിയ തൃശൂർ, തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാംസ്‌ഥാനത്തു തുടരുന്നു. 13 പോയിന്റോടെ മൂന്നാം സ്ഥാനം പിടിച്ചെങ്കിലും അടുത്ത മത്സരങ്ങളിലെ ഫലവും ഗോൾ ശരാശരിയും അടിസ്ഥാനമാക്കി മാത്രമാകും കണ്ണൂരിന്റെ സെമി പ്രതീക്ഷ. സെമിയിൽ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ക്യാപ്റ്റൻ മെയിൽസൺ ആൽവസും ഇവാൻ മാർക്കോവിച്ചും ഉൾപ്പെടെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം കൊടുത്ത് 8 മാറ്റങ്ങളുമായിറങ്ങിയ തൃശൂരിനെ തുടക്കം മുതൽ കണ്ണൂർ വരിഞ്ഞുകെട്ടി. മുഹമ്മദ് സിനാൻ- അസിയർ ഗോമസ് സഖ്യം തുടർച്ചയായി തൃശൂർ ബോക്സിലേക്കു പന്തുമായി ഇടിച്ചുകയറി. പകരക്കാരനായെത്തി 23-ാം മിനിറ്റിൽ ടി.ഷിജിൻ 2 പ്രതിരോധ താരങ്ങളെ മറികടന്നു പോസ്‌റ്റിലേക്കു തൊടുത്ത ഷോട്ട് ഗോളെന്നുറച്ചിരിക്കെ തൃശൂർ ഗോൾകീപ്പർ ലക്ഷ്മ‌ീകാന്ത് കട്ടിമണി രക്ഷപ്പെടുത്തി. പന്തവകാശത്തിലും ഒത്തിണക്കത്തിലും മുന്നിട്ടു നിന്ന കണ്ണൂരിന് ആഗ്രഹിച്ച ലീഡ് ലഭിച്ചത് 42-ാം മിനിറ്റിൽ. വലതു വിങ്ങിൽ നിന്നു ഗോൾപോസ്‌റ്റിനരികിലേക്കു ഷിജിൻ നൽകിയ പാസ് അര നിമിഷം കാക്കാതെ സിനാൻ വെട്ടിത്തിരിഞ്ഞു ഗോമസിനെ ലക്ഷ്യമാക്കി തൊടുത്തു. വലയ്ക്കു തൊട്ടുമുന്നിൽ ഗോമസിന്റെ വൺടച്ച് ഷോട്ട് വലയിൽ കയറി. 1-0 നു കളി അവസാനിക്കുമെന്നുറച്ചു നിൽക്കെ പകരക്കാരനായെത്തിയ എബിൻദാസ് 98-ാം മിനിറ്റിൽ കണ്ണൂരിന്റെ ലീഡ് വർധിപ്പിച്ചു.

മൂന്നിൽ രണ്ട് !; സൂപ്പർ ലീഗ് കേരള ഫുട്ബോൾ: സെമിയിലെ 2 സ്ഥാനങ്ങളിലേക്കു 3 ടീമുകൾ

Activate your premium subscription today മനോജ് മാത്യു Published: December 02, 2025 03:52 PM IST 1 minute Read Link Copied അവസാന റൗണ്ട് മത്സരങ്ങൾ ഇന്നുമുതൽ; ഓരോ കളിയും നിർണായകം കൊച്ചി ∙ രണ്ടു ടീമുകൾ സെമി ഉറപ്പിച്ചു കഴിഞ്ഞു; ശേഷിച്ച രണ്ടു സെമി ബെർത്തുകൾക്കായി പൊരുതുന്നതു 3 ടീമുകൾ. ഒരു ടീം എല്ലാ പ്രതീക്ഷകളും അസ്തമിച്ചു പണ്ടേ പുറത്തായിക്കഴിഞ്ഞു. സൂപ്പർലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ഫിനിഷിങ് പോയിന്റിലേക്ക് അടുക്കുമ്പോൾ ആവേശം ആകാശത്തോളമെത്തുന്നു. നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സി എന്നിവയാണ് ഇതിനകം സെമി ഉറപ്പാക്കിയത്. തിരുവനന്തപുരം കൊമ്പൻസ്, മലപ്പുറം എഫ്‌സി, കണ്ണൂർ വോറിയേഴ്സ് ടീമുകളാണു ശേഷിച്ച രണ്ടു സെമി സ്ഥാനങ്ങൾക്കായി രംഗത്തുള്ളത്. ഒരു കളി മാത്രം ജയിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി പുറത്തായിക്കഴിഞ്ഞു. ലീഗിലെ 6 ടീമുകളും 9 മത്സരം വീതം കളിച്ചു. ഇനി, ശേഷിക്കുന്നത് ഓരോ കളി മാത്രം. ഇന്നു രാത്രി 7.30ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്‌സിയും കണ്ണൂർ വോറിയേഴ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കണ്ണൂരിനു ജയിച്ചേ മതിയാകൂ. 10 പോയിന്റ് മാത്രമുള്ള കണ്ണൂർ തോറ്റാൽ പുറത്താകും. തിരുവനന്തപുരവും മലപ്പുറവും അവസാന മത്സരത്തിനു കാക്കാതെ സെമി ഉറപ്പിക്കും. കണ്ണൂർ ജയിച്ചാൽ? കണ്ണൂർ ജയിച്ചാൽ 13 പോയിന്റുമായി അവർ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരും. 11 ഗോളടിച്ചു 15 ഗോൾ വഴങ്ങിയ കണ്ണൂരിന്റെ ഗോൾ വ്യത്യാസം മൈനസ് 4 ആണ്. അതുകൊണ്ടു തന്നെ തൃശൂരിനെ വെറുതേ തോൽപിച്ചാൽ പോരാ, പരമാവധി ഗോൾ വ്യത്യാസത്തിൽ തോൽപിക്കണം. ജയിച്ചാലും ആശങ്കകളില്ലാതെ കണ്ണൂരിനു സെമിയിൽ എത്തണമെങ്കിൽ തിരുവനന്തപുരവും മലപ്പുറവും അവരുടെ അവസാന മത്സരത്തിൽ തോൽക്കുകയും വേണം! തിരുവനന്തപുരത്തിന്റെ അവസാന മത്സരം നാളെ കാലിക്കറ്റിനോടാണ്. ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ തിരുവനന്തപുരത്തിനു സെമിയിലെത്താം. എന്നാൽ, തോറ്റാൽ 4 നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയോടു തോൽക്കണമെന്നു പ്രാർഥിക്കേണ്ടി വരും. മലപ്പുറം ജയിച്ചാൽ 14 പോയിന്റുമായി സെമിയിലെത്തും. സൂപ്പർ ലീഗ് കേരള ‌പോയിന്റ് പട്ടിക (ടീം, മത്സരം, ജയ, സമനില, തോൽവി, നേടിയ ഗോൾ, വഴങ്ങിയ ഗോൾ, ഗോൾവ്യത്യാസം, പോയിന്റ്) കാലിക്കറ്റ് 9 6 2 1 19 10 9 20 തൃശൂർ 9 5 2 2 8 5 3 17 തിരുവനന്തപുരം 9 3 3 3 10 9 1 12 മലപ്പുറം 9 2 5 2 14 13 1 11 കണ്ണൂർ 9 2 4 3 11 15 –4 10 കൊച്ചി 9 1 0 8 8 18 –10 3